Saturday, February 9, 2008

ബ്ലെന്‍ഡര്‍ ഇന്‍സ്റ്റാള്‍ ചെയ്യാം

"ഇയാളു കുറേ കാലമായല്ലോ ഓരോന്നു‌ കാണിക്കാന്‍ തുടങ്ങീട്ട്... പഠിപ്പിക്കാമെന്നു പറഞ്ഞിട്ട് ഇതുവരെ പഠിപ്പിച്ചു തന്നില്ലല്ലോ" എന്നു പരാതിയുണ്ടോ? ശരി, നമുക്ക് ബ്ലെന്‍ഡര്‍ എങ്ങനെ ഇന്‍സ്റ്റാളാം എന്നു നോക്കാം.
ഞാന്‍ റെക്കമെന്റ് ചെയ്യുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം: ഗ്നു/ലിനക്സ്. പക്ഷേ വിന്‍ഡോസുകാര്‍ വിഷമിക്കേണ്ട. വിന്‍ഡോസിലും ബ്ലെന്‍ഡര്‍ ഓടും. വിസ്തയിലാണെങ്കില്‍ ഒരു മുന്നറിയിപ്പ്. ആ പാവം അല്ലെങ്കിലേ ഓടുക പോയിട്ട് നടക്കാന്‍ പോലും വയ്യാത്ത സ്ഥിതിയിലാണ്. ഇനി അതിന്റെ പുറത്ത് ഇതുകേടി കേറ്റി വച്ചാല്‍ ഒരടി മുന്നോട്ട് പോവില്ല. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ജീബിക്കണക്കിന് റാം വേണം, ഓടാന്‍ വേണ്ടി "റാം, റാം" എന്നു പറയേം വേണം. എക്സ് പീലാണെങ്കില്‍ കുഴപ്പമില്ലാതെ ഓടും. എത്ര റാം ഉണ്ടോ അത്രയും നല്ലത്. ഗ്നു/ലിനക്സില്‍ മിനിമം ഒരു 512 എംബി വേണം, എക്സ്പിയില്‍ 1 ജിബി ഉണ്ടെങ്കില്‍ മതിയാകും. പ്രൊസസ്സര്‍ സ്പീഡ് വേറൊരു പ്രധാനപ്പെട്ട കാര്യമാണ്. എത്ര സ്പീഡുണ്ടോ അത്രേം നല്ലത് എന്നേ പറയാനുള്ളൂ. AMD യുടെ പ്രൊസസ്സറുകള്‍ 3D റെന്‍ഡറിങ്ങില്‍ ഇന്‍ഡലിനേക്കാള്‍ മെച്ചമാണെന്നു പറയപ്പെടുന്നു, കേള്‍ക്കപ്പെടുന്നു.
നല്ലോണം വര്‍ക്കുന്ന മൂന്ന് ബട്ടനുള്ള ഒരു മൗസു വേണംന്ന് ആദ്യം തന്നെ പറയാം. ഒപ്റ്റിക്കലാണു നല്ലത്. ലാപ്‌ടോപ്പിന്റെ ടച്ച് പാഡില്‍ തടവിക്കളിക്കാന്നു വച്ചാല്‍ ആ പൂതി മനസ്സിലിരിക്കട്ടെ.
ഇനി ഇന്‍സ്റ്റാളേണ്ട വിധം:
ഗ്നു/ലിനക്സില്‍:
a)ഡെബിയാന്‍/ഉബുണ്ടു എന്നിവയില്‍ "apt-get install blender" തീര്‍ന്നു! കമാന്റ് അടിക്കാന്‍ മടിയാണെങ്കില്‍ സിനാപ്ടിക് ഉപയോഗിക്കുക
b)Fedora ബേസ്ഡ് ഡിസ്ട്രിബ്യൂഷനുകള്‍: "yum install blender" തീര്‍ന്നു!
ബാക്കിയുള്ള ഡിസ്ട്രിബ്യൂഷനുകളില്‍ ഓരോന്നിനുമുള്ള പാക്കേജ് മാനേജറുണ്ട്. അതുപയോഗിച്ചാല്‍ മതി.
പിന്നേയ് ഈ ഗ്നു/ലിനക്സ് ഉപയോഗിക്കുന്നവരോട് ഇങ്ങനെയൊന്നും പറയേണ്ട ഒരാവശ്യവുമില്ല. അണ്ണാന്‍ കുഞ്ഞിനെ മരംകേറ്റം പഠിപ്പിക്കണോ. ഉപയോഗിക്കുന്നവര്‍ കുറച്ചുകാലത്തിനുള്ളില്‍ അണ്ണാന്‍കുഞ്ഞ്, സോറി പുലിയാകും. സത്യം!
വിന്‍ഡോസ് :
blender.org എന്ന സൈറ്റില്‍ പോയി വിന്‍ഡോസിന്റെ സെറ്റപ്പ് പൊക്കിയെടുക്കുക. നിങ്ങളുടെ കമ്പ്യൂട്ടറില്‍ താഴെയിറക്കി, ക്ലിക്കി ഇന്‍സ്റ്റാള്‍ ചെയ്തേക്കുക. ഓര്‍ക്കുക ബ്ലെന്‍ഡര്‍ സ്വതന്ത്ര സോഫ്റ്റ്‌വെയറാണ്. ഉം. അതൊക്കെ പറയാണെങ്കില്‍ നേരം കുറയാവും. തത്കാലം അത്രയറിഞ്ഞാമതി.

ഇന്‍സ്റ്റാളിയ ശേഷം ബ്ലെന്‍ഡര്‍ തുറക്കുക. ആകെപ്പാടെ ഏതോ ഒരു ലോകത്ത് എത്തിയ മാതിരി നിങ്ങള്‍ക്ക് ഫീലു ചെയ്യും. ഈ ഹോളിവുഡ് സിനിമേലൊക്കെ ഇല്ലേ, ഫ്ലൈറ്റിനെയൊക്കെ കണ്ട്രോള്‍ ചെയ്യണ കമ്പ്യൂട്ടറുകള്‍.. ഒരുനൂറുകണക്കിന് ബട്ടണും, അതും ഇതുമൊക്കെയായിട്ട്... അങ്ങനെയിരിക്കും..ഫുള്‍സ്ക്രീനും
എന്തെങ്കിലും ചെയ്യാമെന്നു വച്ച് മറ്റുപല അപ്ലിക്കേഷനുകളും ഉപയോഗിച്ച പരിചയത്തില്‍ മൗസോണ്ടോ കീബോര്‍ഡോണ്ടോ എന്തെങ്കിലും കാട്ടീട്ടും വല്യ കാര്യല്ല. അവന്‍ അനങ്ങില്ല. കാരണം ലവന്‍ പുലിയാണ്.
ബ്ലെന്‍ഡറിനെ കണ്ട്രോള്‍ ചെയ്യാന്‍ നിങ്ങളുടെ ഒരു കയ്യ് കീബോര്‍ഡിലും അപ്പൊ ബാക്കിവരുന്ന മറ്റേ കയ്യ് മൗസിലും ഉറപ്പിക്കണം. നമ്മള്‍ മൂന്നാം ഡയമന്‍ഷനിലാണ് കളിക്കാന്‍ പോണെന്ന് ഓര്‍മ്മ വേണം. വന്‍കിട പുലികളുടെ തിരുമൊഴികള്‍ പ്രകാരം, മൗസ് നിങ്ങള്‍ക്ക് ഒരു കയ്യുറപോലെയേ തോന്നാവൂ..ഈ കളരീലൊക്കെപ്പറയാറില്ലേ, മെയ്യ് കണ്ണാവണംന്ന്.. ന്നിട്ട് വേണം സ്ക്രീനിനുള്ളില്‍ കയ്യിട്ട് , മോഡലുകള്‍ കറക്കുകയും, ഷേപ്പാക്കുകയും വേണ്ടത്.

ഇനി ബാക്കി കാര്യങ്ങള്‍ പറയണേന്റെ മുമ്പ് , മൂന്നാം ഡയമന്‍ഷനെപ്പറ്റി കുറേ കാര്യങ്ങള്‍ പഠിക്കാനുണ്ട്. ഫ്രണ്ട് വ്യൂ, ടോപ്പ് വ്യൂ, സൈഡ് വ്യൂ, പേഴ്സ്പെക്ടീവ്, കാമറ വ്യൂ അങ്ങനെ അങ്ങനെ... അതൊരു വലിയ കഥയാ... പിന്നെ പറയാം.
ഏതായാലും ബ്ലെന്‍ഡറെടുത്തതല്ലേ, ആ F12 ബട്ടണിലൊന്നമര്‍ത്തിയേര്. എന്താ സംഭവിച്ചത്? ഒരു കട്ട റെന്‍ഡര്‍ ചെയ്ത് വരുന്നതു കണ്ടോ? ആ, ഇതാണ് നിങ്ങളുടെ ആദ്യത്തെ മോഡല്‍! ഡിഫോള്‍ട്ടായി ബ്ലെന്‍ഡര്‍ എപ്പോഴും ഒരു ക്യൂബാണ് പസ്റ്റില് കൊണ്ടുവക്കണത്. പക്ഷേ നിങ്ങള്‍ കട്ടയ്ക്കു പകരം ഒരു ചതുരമല്ലേ സ്ക്രീനില്‍ കണ്ടത്? ഉം . അതാണ് മക്കളേ ടോപ് വ്യൂ ടോപ് വ്യൂന്ന് പറയണത്. കട്ടേടെ മോളീന്നു നോക്കിയാ ചതുരല്ലാതെ പിന്നേന്തൂട്ടാ കാണ്വ? പറ്റില്ല, എനിക്ക് മുഴ്വോം കാണണം ന്ന് വാശിയാണെങ്കില്‍ , ആ മൗസിന്റെ നടുക്കിലെ ബട്ടണ്‍ അമര്‍ത്തിപ്പിടിക്കുക, എന്നിട് മൗസിട്ടൊന്നലമ്പി നോക്ക്. എന്തായിത് കാണണ് ശിവ ശിവ ല്ലേ? പ്പൊ കട്ട മാത്രല്ല, ഒരു ക്യാമറേം ഒരു ലൈറ്റും കാണാം. ക്യാമറേം ലൈറ്റുമോ? തെന്താ സിനിമാ ഷൂട്ടിങ്ങോ? അതേന്ന്, ബാക്കിയൊക്കെ പിന്നെപ്പറയാം
-ദേവശില്പി

ചില്ല്


കര്‍വുകളെല്ലാം ഒന്നു സ്മൂത്താക്കിയപ്പോള്‍..

വരുന്നവര്‍ തട്ടിയുടക്കാതെ കണ്ടുപോണേ... :)